തിരുവനന്തപുരം : സംസ്ഥാനത്തെ അനാഥാലയങ്ങളിലുള്‍പ്പെടെ സേവനം ചെയ്യുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍.
സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയിലുള്‍പ്പെടെ അശരണരും നിരാലംബരും ഭിന്നശേഷിക്കാരും രോഗികളും ഉപേക്ഷിക്കപ്പെട്ടവരുമായ ആളുകളെ അധിവസിപ്പിക്കുന്ന വ്യക്തികളോ സംഘടനകളോ നടത്തുന്ന സ്ഥാപനങ്ങളില്‍ സേവനം നടത്തുന്ന ആളുകള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.
പദ്ധതി പ്രകാരം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വ കാലയളവിന് ആനുപാതികമായി റിട്ടയര്‍മെന്റ് ആനുകൂല്യമുണ്ടാകും.
ഒരു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15000 രൂപ വരെ ലഭിക്കുന്നതാണ്. കൂടാതെ അംഗത്തിന്റെ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പദ്ധതിയിലെ വനിതാ അംഗത്തിനും വിവാഹധനസഹായമായി 10000 രൂപയും ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ 60 വയസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ആള്‍ക്ക് പെന്‍ഷനും ഉണ്ടാകും.
പെന്‍ഷന് അര്‍ഹതയുള്ള അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് പ്രതിമാസം 300 രൂപ കുടുംബപെന്‍ഷന് അര്‍ഹതയുണ്ട്. അര്‍ഹതയുള്ള അംഗത്തിന് അപകടംമൂലം അവശത വന്നാല്‍ 1200 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭ്യമാകും.10 വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടച്ച അംഗങ്ങള്‍ക്ക് വിവാഹം, വീട് നിര്‍മ്മാണം, സ്വയംതൊഴില്‍ ചെയ്യല്‍ എന്നീ ആവശ്യങ്ങള്‍ക്കായി വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കത്തക്ക വിധത്തില്‍ പലിശരഹിത വായ്പയ്ക്കും അര്‍ഹതയുണ്ടെന്നും മന്ത്രി അറിയിച്ചു.