മാധ്യമപ്രവര്‍ത്തകനെ ഞെട്ടിച്ച് തൊഴിലാളിയുടെ കിടിലന്‍ ഇംഗ്ലീഷ്; യെസ് വൈ നോട്ട്…

നോയിഡ: യുപിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങിനിറങ്ങിയ മാധ്യമ പ്രവര്‍ത്തകനോട് ഇംഗ്ലീഷ് പറഞ്ഞ് കൂലി തൊഴിലാളി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം കൂട്ടം കൂടി നില്‍ക്കുന്ന ആളുകളോട് മാധ്യമ പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റി ചോദിച്ചു. പല അഭിപ്രായങ്ങളും വരുന്നതിനിടെ 50നു മുകളില്‍ വയസ്സ് തോന്നുന്ന ഒരു കൂലിത്തൊഴിലാളിയുടെ മുന്നിലേക്കും അദ്ദേഹം മൈക്ക് നീട്ടി. ഹിന്ദിയില്‍ സംസാരം ആരംഭിച്ച അദ്ദേഹം ഉടന്‍ തന്നെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി.

”ഐ വാണ്ട് ടു വര്‍ക്ക്”
അത്ഭുതപ്പെട്ട റിപ്പോര്‍ട്ടറുടെ ചോദ്യം: ”ഇംഗ്ലീഷ്?”
കൂലിത്തൊഴിലാളിക്കുണ്ടായിരുന്നത് ഒരു മറുചോദ്യമായിരുന്നു: ”യെസ്. വൈ നോട്ട്?”
”ഐ വാണ്ട് ടു വര്‍ക്ക്. ഐ ആം സെയിംഗ് മോദി ടു അലോ ദ വര്‍ക്ക്. ഡോണ്ട് ഗെറ്റ് ഡെയിലി വര്‍ക്ക്.”-തൊഴിലാളി തുടര്‍ന്നു. മോദി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വീണ്ടും സംസാരം ഹിന്ദിയിലാക്കി. തൊഴിലില്ലായ്മയുടെ ഭീകരത ചൂണ്ടിക്കാട്ടിയ അദ്ദേഹം ആവശ്യത്തിനു തൊഴില്‍ ഉറപ്പാകാന്‍ സര്‍ക്കാര്‍ സന്നദ്ധരാകണമെന്നും അറിയിച്ചു.

ഹിന്ദിയും ഇംഗ്ലീഷും മാറിമാറി സംസാരിച്ചതോടെ താങ്കള്‍ ഏത് വരെ പഠിച്ചു എന്നായി റിപ്പോര്‍ട്ടറിന്റെ ചോദ്യം. താന്‍ ബിരുദധാരിയാണെന്നയിരുന്നു മറുപടി. മറുപടി കേട്ട് വീണ്ടും റിപ്പോര്‍ട്ടര്‍ അത്ഭുതപ്പെട്ട് നിന്നു. ഡിഗ്രി കഴിഞ്ഞിറങ്ങിയ സമയത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിനെക്കുറിച്ചും ഇപ്പോഴത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുമൊക്കെ അദ്ദേഹം വീണ്ടും വിശദമായി സംസാരിച്ചു.

Top