ദില്ലി: പുതിയ തൊഴിൽ നയത്തിന്റെ ഭാഗമായി ഉൽപാദന, ഖനന, സേവന മേഖലകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട മോഡൽ സ്റ്റാൻഡിംഗ് ഓർഡറുകളുടെ കരട് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഇത് സംബന്ധിച്ച് മുപ്പത് ദിവസത്തേക്ക് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. ഇതിനു ശേഷമാണ് അന്തിമ രൂപം നൽകുക.
സേവന മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആദ്യമായി സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാൻഡിംഗ് ഓർഡറുകൾ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലുടമ അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു മന്ത്രാലയ ഉത്തരവ് സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുമ്പോൾ, അത് സർട്ടിഫിക്കറ്റ് ലഭിച്ചതായി കണക്കാക്കുമെന്നും കരടിൽ വ്യക്തമാക്കുന്നു.
“വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെ മൂന്ന് സ്റ്റാൻഡിംഗ് ഓർഡറുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സേവന മേഖലയ്ക്കായി ‘വർക്ക് ഫ്രം ഹോം (വീട്ടിൽ നിന്നുള്ള ജോലി)’ എന്ന ആശയവും ഔപചാരികമാക്കിയിട്ടുണ്ട്,” മന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അപ്പോയിന്റ്‌മെന്റിന്റെ നിബന്ധനകൾക്ക് അനുസൃതമായോ തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലോ വർക്ക് ഫ്രം ഹോം നടപ്പാക്കാമെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു.
നിയമം നടപ്പാകുന്നതോടെ വർക്ക് ഫ്രം ഹോം തൊഴിൽ സംവിധാനത്തിന് രാജ്യത്ത് ഔപചാരിക സ്വഭാവം കൈവരും. ഐടി മേഖലയുടെ കാര്യത്തിൽ, ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള കരാറിലൂടെ അല്ലെങ്കിൽ നിയമന വ്യവസ്ഥകൾ അനുസരിച്ച് പ്രവൃത്തി സമയം തീരുമാനിക്കുമെന്നും കരടിൽ പറയുന്നു.