ചെന്നൈ: തമിഴ് സൂപ്പര്‍താരങ്ങളുടെ പാര്‍ട്ടിയില്‍ അണികള്‍ വളരെ കുറവെന്ന് റിപ്പോര്‍ട്ട്. താരങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തമിഴ്നാടിന്റെ ഗ്രാമീണമേഖലകളില്‍ നിന്ന് ആളെക്കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രജനികാന്തിന്റെ പാര്‍ട്ടിക്കും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കും ഇനിയും ഗ്രാമങ്ങളില്‍ ജനപിന്തുണ നേടാനായിട്ടില്ലത്രേ.
സൂപ്പര്‍സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന കയ്യടി രാഷ്ട്രീയത്തിലിറങ്ങിയാലും നേടിയെടുക്കാമെന്നുള്ള താരങ്ങളുടെ കണക്കുകൂട്ടല്‍ തമിഴകത്തെ ഗ്രാമീണമേഖലകളില്‍ പൂര്‍ണമായും തെറ്റിയതായാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എഐഡിഎംകെയ്ക്കും ഡിഎംകെയ്ക്കും കൈയ്യുള്ള തമിഴ്നാട് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ കമലിനോ രജനിക്കോ കഴിയില്ലെന്ന സൂചനകളാണ് പാര്‍ട്ടി അണികള്‍ തന്നെ നല്‍കുന്നത്.
തങ്ങളുടെ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നത് കൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തങ്ങള്‍ക്കിതുവരെ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് രജനികാന്തിന്റെ പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്, എന്നാല്‍, മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥ അതിനേക്കാള്‍ പരുങ്ങലിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.