അന്താരാഷ്ട്ര മുലയൂട്ടല്‍ വാരാചരണം ; അനാഥ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ഒരു കൂട്ടം അമ്മമാര്‍ . .

സൂററ്റ് : അനാഥ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ഒരുകൂട്ടം അമ്മമാര്‍. ഗുജറാത്തിലെ സൂററ്റില്‍ സംഘടിപ്പിച്ച മുലപ്പാല്‍ ഡൊണേഷന്‍ ക്യാമ്പയിന്റെ ഭാഗമായാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ മുലയൂട്ടിയത്.

21ാമത് ക്യാമ്പയിനാണ് കഴിഞ്ഞ ദിവസം സൂററ്റില്‍ നടന്നത്. സൂററ്റിലെ പീഡിയാട്രിക് അസോസിയേഷനും യശോദ മില്‍ക്ക് ബാങ്ക്, കച്ച് കട്വ പടിദാര്‍ സമാജ് മഹിളാ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

130 ഓളം അമ്മമാരാണ് ക്യാമ്പയിനില്‍ പങ്കെടുത്തത്‌. ‘മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കും, അമ്മയില്ലാത്ത കുഞ്ഞുങ്ങള്‍ക്കുമാണ് തങ്ങള്‍ പാലൂട്ടിയത്. ഇത്തരത്തില്‍ പാല് നല്‍കുന്നത്കൊണ്ട് യാതൊരു വിധ കുഴപ്പവുമില്ല’ മഹിളാ മണ്ഡല്‍ പ്രസിഡന്റ് സരോജ് ബെന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മമാരുടെ പാല് ശേഖരിച്ച് അത് പാസ്ച്യുറൈസേഷന്‍ നടത്തിയ ശേഷം യശോദ മില്‍ക്ക് ബാങ്ക് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോകം മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് സൂററ്റില്‍ ഞായറാഴ്ച നടന്നത്.

ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാത്ത നവജാത ശിശുക്കള്‍ക്ക് മരണവും രോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്ക് ശാരീരികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കുറവാണ്, പ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്.

Top