ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബ്ബ്

ലേ: ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബ്ബ്. ലഡാക്കിലെ മാധ്യമപ്രവര്‍ത്തകരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് പരാതി. പാര്‍ട്ടിയുടെ പ്രചാരണം മികച്ച രീതിയില്‍ ചിത്രീകരിക്കാനായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓഫര്‍ നല്‍കിയത്. വിഷയത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബിജെപിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും മറ്റ് നേതാക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലഡാക് പ്രസ് ക്ളബ്ബിന്റെ പരാതിയില്‍ പറയുന്നത്. പണം വാഗ്ദാനം ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മനോവേദനയുണ്ടാക്കിയെന്നും ആരും ബിജെപി ഓഫര്‍ ചെയ്ത പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ബിജെപി നടത്തിയത് പെരുമാറ്റ ചട്ട ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആരെയും പണം കൊടുത്ത് സ്വാധീനിക്കാനോ വിലക്കെടുക്കാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് വളരയെധികം ബഹുമാനം നല്‍കുന്നവരാണ് തങ്ങളെന്നും ബിജെപി പറയുന്നു. എന്നാല്‍ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും ആവശ്യമെങ്കില്‍ പൊലീസിന് പരാതി നല്‍കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ലഡാക്കിലെ വോട്ടെടുപ്പ്

Top