ജിദ്ദ: ഷോപ്പിംഗ് സെന്ററില്‍ വച്ച് യുവതികളോട് അപമര്യാദമായി പെരുമാറിയ നാല് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തായിഫ് ഷോപ്പിംഗ് സെന്ററിലാണ് സംഭവം. ഷോപ്പിംഗിനെത്തിയ തങ്ങളോട് യുവാക്കള്‍ സംഘം ചേര്‍ന്ന് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു.പീഡനത്തിനിരയായ യുവതികളിലൊരാള്‍ ശല്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത പോലീസ് വീഡിയോയില്‍ ഉള്‍പ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
20നും 30നുമിടയില്‍ പ്രായമുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
ഇവര്‍ക്കെതിരേ ലൈംഗിക അതിക്രമം തടയല്‍ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിച്ചതായി പോലിസ് വക്താവ് അറിയിച്ചു. 2018ലാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ അനുശാസിക്കുന്ന നിയമം സൗദി കാബിനറ്റ് പാസ്സാക്കിയത്. സ്ത്രീകളുടെ സ്വകാര്യതയും മാന്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമം.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കും. ഇത്തരം കേസുകളില്‍ ഇരകളുടെ ഐഡന്റിറ്റി രഹസ്യമാക്കി വയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന നിയമം, ലൈംഗിക പീഡനത്തിന് പ്രേരിപ്പിക്കുന്നതും അതേപോലെ ഇല്ലാത്ത പീഡന ആരോപണങ്ങള്‍ ഉന്നയിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.