കൊച്ചി: ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വാഹനം ‘തടഞ്ഞു’ എന്ന പേരില്‍ വിവാദ നായികയായ യുവതി വീണ്ടും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബഹളം വെച്ചത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ തന്റെ ജവഹര്‍ നഗറിലുള്ള സ്ഥാപനത്തിന്റെ ചില പേപ്പറുകള്‍ ശരിയാക്കുന്നതിനായി എത്തിയ യുവതി കോര്‍പ്പറേഷനിലെ ജീവനക്കാരോട് തട്ടിക്കയറുന്ന രംഗം മൊബൈലില്‍ കത്രിക്കടവ് സ്വദേശി കെ.എസ് സജീവ് പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്.
ഉടന്‍ തന്നെ ജീവനക്കാരെയും കൂടി നിന്നവരെയും ഞെട്ടിച്ചു കൊണ്ട് സജീവന്റെ കൈവശത്ത് നിന്നും മൊബൈല്‍ തട്ടിപ്പറിച്ചു യുവതി വാങ്ങുകയായിരുന്നു.
ദൃശ്യം പകര്‍ത്തിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു തട്ടിപ്പറക്കല്‍, സര്‍ക്കാര്‍ ഓഫീസില്‍ ബഹളം വയ്ക്കുന്ന ദൃശ്യം പകര്‍ത്തിയതില്‍ എന്ത് തെറ്റാണെന്ന് യുവാവ് ചോദിച്ചതോടെ രൂക്ഷമായ വാക്കേറ്റത്തിന് കാരണമായി.
ഒടുവില്‍ മൊബൈല്‍ തിരിച്ചു കിട്ടുന്നതിനായി സജീവ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സജീവന്റെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ യുവതി കോള്‍ എടുത്തു. പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞതോടെ ഉടന്‍ തന്നെ യുവതി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ചെന്ന് മറ്റൊരു പരാതി നല്‍കുകയാണ് ചെയ്തത്.
ആ പരാതിയില്‍ യുവാവ് തന്റെ ദൃശ്യം പകര്‍ത്തിയതായാണ് യുവതി ആരോപിച്ചത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ എന്നാല്‍ മൊബൈലില്‍ അസ്വാഭാവികമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോര്‍പ്പറേഷനില്‍ പൊലീസ് അന്വേഷിച്ചപ്പോഴും യുവതിയാണ് ബഹളമുണ്ടാക്കിയതെന്നും മുന്‍പും ഇതുപോലെ അവര്‍ ബഹളമുണ്ടാക്കിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് കിട്ടിയത്.
തുടര്‍ന്ന് വിശദമായ പരിശോധനക്കു ശേഷം ഫോണ്‍ യുവാവിന് തിരിച്ചുനല്‍കി.
മുന്‍പ് ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വാഹനത്തിന് മാര്‍ഗ്ഗതടസമുണ്ടാക്കി രോഷം കൊണ്ട യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സൗത്ത് പാലം കയറുവാന്‍ തുടങ്ങുമ്പോള്‍ ഇടിച്ച് കുത്തിക്കയറ്റി വെള്ള കാര്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്നും ഹോണടിച്ച് പേടിപ്പിച്ച് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതികരിക്കുകയായിരുന്നു എന്നുമാണ് യുവതി വാദിച്ചിരുന്നത്.
വീഡിയോ കടപ്പാട്: മനോരമ ന്യൂസ്
ഡിസിപി യുടെ വാഹനത്തിന് മാര്‍ഗതടസം സൃഷ്ടിച്ച യുവതിയുടെ പ്രതികരണം
അന്ന് യുവതിയുടെ വാദം വിശ്വസിച്ചിരുന്ന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പോലും സത്യത്തില്‍ എന്താണ് ‘സംഭവിച്ചിട്ടുണ്ടാകുക’ എന്നു ബോധ്യപ്പെട്ടത് ഇന്ന് കണ്ണിന്റെ മുന്നില്‍ നടന്ന ഈ സംഭവങ്ങളിലൂടെയാണത്രെ.