യുപിയില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് വനിതാ പോലീസ്

ലക്‌നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു.

യുപിയിലെ ബുലന്ദേശ്വറില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ ശ്രസ്ത ഠാക്കൂറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിജെപി ജില്ലാ നേതാവ് പ്രമോദ് ലോധിയെയാണ് ശ്രസ്ത അറസ്റ്റ് ചെയ്തത്.

യാത്രാ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്തതിനും പോലീസുകാരോട് അപമര്യാദയായി പെരുമാറിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവാണ് താനെന്നും പോലീസിന് വാഹന പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമോദ് ലോധി ബഹളംവച്ചത്. വാഹന പരിശോധന പോലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രിയില്‍ നിന്നും രേഖാമൂലം എഴുതിവാങ്ങിവന്നാല്‍ പരിശോധന കൂടാതെ കടത്തിവിടാം. അതിനു കഴിയില്ലെങ്കില്‍ തങ്ങളുടെ ജോലിയെടുക്കുമെന്നും അവര്‍ പറഞ്ഞു. രാത്രിയില്‍ ജോലിക്കായി വീട്ടില്‍നിന്ന് ഇറങ്ങുന്നത് വെറും തമാശയ്ക്കല്ല. ഇത് ഞങ്ങളുടെ ജോലിയായിട്ടാണെന്നും അവര്‍ ബിജെപി നേതാവിനോട് പറഞ്ഞു.

ലോധിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി. 2000 രൂപ കൈക്കൂലി നല്‍കാത്തതു കൊണ്ടാണ് ലോധിയെ അറസ്റ്റ് ചെയ്തതെന്നാരോപിച്ചായിരുന്നു ബഹളം.

Top