പത്തനംതിട്ട: ലൈല കടുത്ത അന്ധവിശ്വാസിയും ആഭിചാര ക്രിയകളിൽ തൽപരയുമായിരുന്നെന്ന് ലൈലയുടെ സഹോദരൻ. ലൈലയുടെ ഇടപ്പരിയാരത്തെ കുടുംബ വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ് കാര്യങ്ങൾ പറഞ്ഞത്. ”അമ്മ മരിച്ചശേഷം രണ്ട് വർഷമായി ലൈലയുമായി സംസാരിച്ചിട്ടില്ല. അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾകൂടി നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ നടത്തണമെന്നും ലൈല ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വിയോജിച്ചതോടെ ലൈലയും ഭർത്താവ് ഭഗവൽ സിങും വീട്ടിലെത്തി പൂജ നടത്തി.
ഇതിൽ തർക്കമുണ്ടായതോടെ പിന്നീട് സംസാരിച്ചിട്ടില്ല” -സഹോദരൻ പറഞ്ഞു. രണ്ട് സഹോദരൻമാരാണ് ലൈലക്കുള്ളത്. മറ്റൊരാൾ മാവേലിക്കരയിൽ ആശ്രമം അന്തേവാസിയാണ്. വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി മാറ്റി. മണിക്കൂറോളം പ്രാർഥനയിൽ കഴിയുന്ന ശീലമുണ്ട്. ലൈലയുടേത് ആദ്യം പ്രണയ വിവാഹമായിരുന്നു. ഇതോടെ ഇലന്തൂർ ഇടപ്പരിയാരത്തെ കുടുംബവീട്ടിൽനിന്ന് ഇവർ പുറത്തായി. ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിങ്ങിനെ വിവാഹം കഴിക്കുന്നത്. ഭഗവൽസിങ്ങിൻറെ ആദ്യ ഭാര്യയും മരിച്ചിരുന്നു. ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ട് മക്കളും ഇപ്പോൾ വിദേശത്താണ്.