ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിക്ക് നേരെ ആക്രമണമുണ്ടായെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിച്ചത് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണമെന്നും കൂട്ടിച്ചേര്‍ത്തു. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ പരാതി. ആശിഷ് മിശ്രക്കെതിരെയുള്ള ശക്തമായ തെളിവുകളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

Top