ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അനുമതി തേടി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ അനുവദിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാരം ദിവാകറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ അപേക്ഷ നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേര്‍ക്കെതിരെയും അധിക വകുപ്പുകള്‍ ചുമത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.
ഐ.പി.സി സെക്ഷന്‍ 307(കൊലപാതക ശ്രമം), 326( ആയുധങ്ങള്‍ ഉപയോഗിച്ചോ മറ്റ് മാര്‍ഗങ്ങളിലൂടേയോ മുറിവേല്‍പ്പിക്കല്‍), 34( ഒരേ ലക്ഷ്യത്തിനായി ഒന്നിലധികം ആളുകള്‍ ഒത്തുചേരല്‍) തുടങ്ങി ഗൗരവമായ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം.