ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കര്‍ഷകര്‍ക്കിടയിലേക്ക് സ്വന്തം കാര്‍ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് തന്റെ എസ്‌യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് കര്‍ഷകരും ഒരു പ്രാദേശികമാധ്യമപ്രവര്‍ത്തകനുമാണ്.
അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കേശവ് പ്രസാദ് മൗര്യയും അജയ്കുമാര്‍ മിശ്രയും പങ്കെടുക്കുന്ന പരിപാടി ലഖിംപുരിലെ ബന്‍വീറില്‍ നിശ്ചയിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കര്‍ഷകര്‍, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. അതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക നിയമങ്ങള്‍ക്കെതിരായ സമരം ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.