കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കി

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അശോകപുരത്തെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കാനൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം.

അനുമതി തേടി കോഴിക്കോട് ജില്ലാ കളക്ടര്‍ അയച്ച കത്തിന് മറുപടിയായാണ് ഗസ്റ്റ്ഹൗസ് വിട്ടുനല്‍കുന്ന കാര്യം ലക്ഷദ്വീപ് കളക്ടര്‍ വിജേന്ദ്ര സിങ് റാവത്ത് ഐ.എ.എസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം കൂടിയാല്‍ അടിയന്തരമായി ഇവിടേക്ക് പ്രവേശനം നല്‍കുമെന്നാണ് അറിയുന്നത്. 300 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കാന്‍ കഴിയുക.

അതേസമയം, വൈറസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്.

ഇതുകൂടാതെ പോസിറ്റീവായ ഒരു കാസര്‍കോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നുണ്ട്. ഒരു കാസര്‍കോഡ് സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു.

അതേസമയം, ആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. നിരീക്ഷണത്തിലുള്ളത് ആകെ 21,934 പേരാണ്.

Top