കൊച്ചി: ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഐഷ പാലിച്ചില്ല. കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്‌തെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകള്‍ ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ മൂന്നാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം എട്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുല്‍ത്താന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.