തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എല്‍ഡിഎഫ്. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് മുകളില്‍ സംഘപരിവാറിന്റെ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുകയെന്നത് സംഘപരിവാര്‍ അജണ്ടയെന്ന് വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ എന്ത് കഴിക്കണമെന്നതു വരെ ഒരു അഡ്മിനിട്രേറ്റര്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ആര്‍എസ്എസ് നയങ്ങളാണ് അഡ്മിനിസട്രേറ്റര്‍ നടപ്പാക്കുന്നതെന്നും കാനം പറഞ്ഞു.
കേന്ദ്ര ഇടപെടലിനെതിരെ സമരമുഖത്തുള്ള ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായാണ് സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ കേന്ദ്രത്തിലും ഇരുപതില്‍ താഴെയാളുകള്‍ മാത്രമാണ് പങ്കെടുത്തത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 678 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്മിനിസ്ട്രറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ ഇന്നലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.