ഡൽഹി: വധശ്രമക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ എൻസിപി നേതാവ് മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പിൻവലിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.
കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസലിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ത്വരിതഗതിയിലാണ് ഇറങ്ങിയതെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഹൈക്കോടതി വിധി വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അയോഗ്യത പിൻവലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി.
കവറത്തി കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നൽകിയ ഹർജിയും ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇക്കാര്യംകൂടി ഫൈസലിന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. തുടർന്ന് ഫൈസലിന്റെ ഹർജി അതിനൊപ്പം ചേർക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കുകയായിരുന്നു. ജനുവരി 11 മുതൽ ഫൈസൽ അയോഗ്യനാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജനുവരി 13ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്.