പാട്ടിലെ മാന്ത്രികത, ചെയ്യുന്ന വേഷങ്ങള്‍.. മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവച്ച് ലക്ഷ്മി മഞ്ചു

മോഹന്‍ലാലിനെ പ്രശംസിച്ച് നടി ലക്ഷ്മി മഞ്ചു പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും തന്നെ ഒരേ പോലെ അദ്ഭുതപ്പെടുത്തിയ വ്യക്തികളില്‍ ഒരാളാണ് മോഹന്‍ലാലെന്ന് ലക്ഷ്മി മഞ്ചു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ലക്ഷ്മിയുടെ കുറിപ്പ്. ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിന്റെ ഇടവേളയില്‍ മോഹന്‍ലാല്‍ തെലുങ്ക് താരം മോഹന്‍ ബാബുവിനെ സന്ദര്‍ശിച്ചിരുന്നു. മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി.

വളരെ അപൂര്‍വം പേര്‍ മാത്രമാണു വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ നിന്ന് ഞാന്‍ പഠിച്ചത് ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സര്‍ഗ്ഗാത്മകതയോടുള്ള ആവേശവും അതില്‍ ചിലതാണ്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന റോളുകള്‍ എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനമാണ്. ഇപ്പോള്‍ നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചതില്‍ നിന്ന് ഒരു സൂപ്പര്‍ സ്റ്റാര്‍ എന്തായിരിക്കണമെന്ന് നിങ്ങള്‍ മനസിലാക്കി തന്നു…എളിമയുള്ള, കരുണയുള്ള, രസിപ്പിക്കുന്ന ഒരാളാവണം എന്ന്. നിങ്ങള്‍ നിങ്ങളായിതന്നെ ഇരിക്കുന്നതിന്, ഞങ്ങള്‍ക്ക് വഴികാട്ടിയായതിന് നന്ദി. കുടുംബസുഹൃത്ത് എന്ന നിലയില്‍ നിങ്ങള്‍ നല്‍കുന്ന സാന്നിധ്യത്തിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.’ ലക്ഷ്മി മഞ്ചു കുറിക്കുന്നു

 

Top