Lakshmi Nair not resign-enough to alter the duties for five years; SFI

തിരുവനന്തപുരം: ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്നും, അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതിയെന്നും എസ്എഫ്‌ഐ.

എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മാനേജ്‌മെന്റിനെ അറിയിക്കും. ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ ഇന്ന് നിലപാട് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച ലോ അക്കാദമിയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് വിദ്യാര്‍ഥി സംഘടനകളെയും ക്ഷണിച്ചിരുന്നു. വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആദ്യം മുതല്‍ അവസാനം വരെയും എസ്എഫ്‌ഐ പങ്കെടുത്തിരുന്നു.

രാജിക്കില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നത്. ഒരു അധ്യയനവര്‍ഷം പ്രിന്‍സിപ്പിലിനെ നീക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും അവരെ മാറ്റണമെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു.

ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതോടെ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു പുറത്തുപോയി. എന്നാല്‍ ഇതിന് ശേഷവും എസ്എഫ്‌ഐ നേതാക്കളുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെക്കണ്ട എസ്എഫ്‌ഐ നേതാക്കള്‍ മുന്നോട്ടുവച്ച 90 ശതമാനം ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചുവെന്നും പറഞ്ഞിരുന്നു.

സിപിഐഎം നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എസ്എഫ്‌ഐ നിലപാട് മാറ്റിയതെന്നാണ് സൂചന. ലക്ഷ്മി നായര്‍ക്ക് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശക്തമായ പിന്തുണയുണ്ട്. അതിനാല്‍ എസ്എഫ്‌ഐക്ക് ഇതിന് വിരുദ്ധമായ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ല.

എന്നാല്‍ രാജിയല്ലാതെ സമരം അവസാനിപ്പിക്കാന്‍ മറ്റ് വഴിയില്ലെന്ന ശക്തമായ നിലപാടിലാണ് കെഐസ് യു, എഐഎസ്എഫ്, എബിവിപി, എംഎസ്എഫ് എന്നീ സംഘടനകള്‍.

Top