Lakshmi Nair removed from the position of law academy Principal

തിരുവനന്തപുരം: ഒടുവില്‍ ലക്ഷ്മി നായര്‍ വീണു. വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ട് മടക്കില്ലന്ന് പ്രഖ്യാപിച്ച് ലോ അക്കാദമി പ്രിന്‍സിപ്പല്‍ കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന ധിക്കാരത്തിന് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടനകളും പിടിമുറുക്കിയപ്പോള്‍ നിരുപാധികം കീഴടങ്ങേണ്ടി വന്നു.

ലക്ഷ്മി നായരെ പദവിയില്‍ നിന്ന് നീക്കിയതായും വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ചുമതല കൈമാറിയെന്നും ലോ അക്കാദമി ബോര്‍ഡ് ഡയറക്ടര്‍ എന്‍ നാരായണന്‍ നായര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായും കോളേജില്‍ എത്തില്ലെന്നും ഉറപ്പ് നല്‍കി. കോളേജ് നാളെ തുറക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാര നടപടികളുണ്ടാവില്ല. ഒരു മാസത്തിനുള്ളില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. എല്ലാ വിദ്യര്‍ഥികള്‍ക്കും ക്യാമ്പസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സ്വാതന്ത്യം അനുവദിക്കും. എന്‍എസ്എസ് അടക്കമുള്ള പരിപാടികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പു വരുത്തും എന്നീ കാര്യങ്ങളില്‍ മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പുനല്‍കിയെന്നും ചര്‍ച്ചക്കുശേഷം എസ്എഫ്‌ഐ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ലക്ഷ്മി നായരോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് വഴങ്ങിയിരുന്നില്ല. ഇന്നലെ രണ്ടുവട്ടം മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരം ശക്തമാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചു.

ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ എസ്എഫ്‌ഐ നേതാക്കളെ മാനേജ്‌മെന്റ് ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമായത്. തുടര്‍ന്ന് എസ്എഫ്‌ഐ സമരം പിന്‍വലിച്ചു. മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കാതിരുന്നത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ദളിത് വിദ്യാര്‍ത്ഥികളെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചതിന് പേരൂര്‍ക്കട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഞായറാഴ്ച സി പി എം നേതൃത്വവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ഇന്ന് മുഖ്യമന്ത്രി പിണറായി സമരം തീര്‍ക്കണമെന്ന് കര്‍ക്കശമായ ഭാഷയില്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

അടിയന്തിരമായി ഇടപെടാന്‍ വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുക കൂടി ചെയ്തതോടെ പിടിച്ച് നില്‍ക്കാനുള്ള അവസാന ശ്രമവും ലക്ഷ്മി നായര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഡയറക്ടറേറ്റ് യോഗം ചേര്‍ന്ന് ഔദ്യോഗികമായ തീരുമാനം പ്രഖ്യാപിച്ചത്.

മാനേജ്‌മെന്റും പ്രിന്‍സിപ്പലും നടത്തുന്ന വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ക്കെതിരെ ലോ അക്കാദമി സമരം 21ആം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് പര്യവസാനം ആയത്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകാണ് സമര രംഗത്ത് ഉണ്ടായിരുന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ അക്കാദമി പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഏഴാംദിവസത്തിലേക്ക് കടന്നിരുന്നു.

അതേസമയം എസ്എഫ്ഐ സമരം പിൻവലിച്ചെങ്കിലും ലക്ഷ്മി നായർ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് മറ്റ് സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

Top