ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തമിഴ്നാട് ആസ്ഥാനമായുള്ള സ്വകാര്യമേഖലാ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന് (എല്‍വിബി) പൂട്ടിട്ടത്. നവംബര്‍ 17 മുതല്‍ 30 ദിവസത്തേക്കാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ല. ഇതനുസരിച്ച് ഡിസംബര്‍ 16 വരെ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് 25,000 രൂപയിലധികം പിന്‍വലിക്കാനാകില്ല.
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ, 25,000 രൂപയിലധികം പിന്‍വലിക്കാനാകും. ബോര്‍ഡിനെ അസാധുവാക്കാന്‍ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷന്‍ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും ഉണ്ടാകും. കാനാറ ബാങ്കിന്റെ മുന്‍ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ ടിഎന്‍ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കില്‍ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്.
മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎല്‍ നിക്ഷേപിക്കുക. ആര്‍ബിഐ തയ്യാറാക്കിയ കരട് നിര്‍ദേശപ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചു ലഭിക്കാന്‍ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോള്‍ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിര്‍ദേശമായതിനാല്‍ ഓഹരി നിക്ഷേപകരുടെ കൂടി പ്രതികരണം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
എന്നാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആര്‍ബിഐ ഉറപ്പു നല്‍കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട സംയോജനം എല്‍വിബിയുടെ നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സ്ഥിരതയും മികച്ച പ്രതീക്ഷയും നല്‍കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വായ്പാ വളര്‍ച്ചയെ സഹായിക്കുന്നതിനായി 2,500 കോടി രൂപയുടെ അധിക മൂലധനം ഡിബിഎല്‍ കൊണ്ടുവരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.