യു.എസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലക്ഷ്യ സെന്‍ സെമിയില്‍

ലോവ: 2023 യു.എസ്.ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശങ്കര്‍ മുത്തുസ്വാമിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്. എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു പരാജയപ്പെട്ടു.

21-10, 21-17 എന്ന സ്‌കോറിനാണ് ലക്ഷ്യയുടെ വിജയം. മത്സരത്തിലുടനീളം മികച്ച ഫോം കാഴ്ചവെച്ച സെന്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈയിടെ അവസാനിച്ച കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ലക്ഷ്യ സെന്‍ സ്വന്തമാക്കിയിരുന്നു. സെമിയില്‍ ലോക ഏഴാം നമ്പര്‍ താരമായ ലി ഷി ഫെങ്ങാണ് ലക്ഷ്യയുടെ എതിരാളി.

രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ലോക 15-ാം നമ്പര്‍ താരമായ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. ചൈനയുടെ ഗാവോ ഫാങ് ജീയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 20-22, 13-21. ലോകറാങ്കിങ്ങില്‍ സിന്ധുവിനേക്കാള്‍ ഏറെ പിറകിലാണ് ഗാവോ. സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ഞായറാഴ്ചയാണ് ഫൈനല്‍.

Top