ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ടെന്ന് നടൻ ലാൽ. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ലാൽ വ്യക്തമാക്കി. ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കഴിഞ്ഞ ദിവസം നിയമസഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും ഗണേഷ് കുമാർ പറഞ്ഞു. ഇതിനു പുറമെയാണ് ലാലിൻറെ പ്രതികരണം.
“കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചിട്ടാണ് പരസ്യം ചെയ്തത്. ഗവൺമെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്.”- ലാൽ പറഞ്ഞു.