ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും യാഷിന്റെ കെജിഎഫ് 2വും തിയേറ്റുകളില്‍ ഏറ്റുമുട്ടും. അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ഇരു സിനിമകളുടെയും റിലീസ്. കെജിഎഫ് റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ലാല്‍ സിങ് ഛദ്ദയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതില്‍ കെജിഎഫ് ടീമിനോട് താന്‍ ക്ഷമ ചോദിച്ചെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. കെജിഎഫിനായി പ്രമോഷന്‍ ഏറ്റെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.
എന്തുകൊണ്ട് ഏപ്രില്‍ 14ന് തന്നെ ലാല്‍ സിങ് ഛദ്ദ റിലീസ് ചെയ്യുന്നു എന്ന് വിശദമാക്കി കെജിഎഫ് താരം യാഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മാതാവ് വിജയ് കിരാഗന്ദൂര്‍ എന്നിവര്‍ക്ക് കത്തയച്ചെന്ന് ആമിര്‍ വെളിപ്പെടുത്തി ‘മറ്റൊരു വന്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ദിവസം ഞാന്‍ പൊതുവെ എന്റെ സിനിമ റിലീസ് ചെയ്യാറില്ല. മറ്റൊരാളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. പക്ഷേ ഞാന്‍ ലാല്‍ സിങ് ഛദ്ദയില്‍ സിഖുകാരനെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബൈശാഖി ദിനമായ ഏപ്രില്‍ 14 ആണ് സിനിമയുടെ റിലീസിന് ഏറ്റവും അനുയോജ്യമായ ദിവസം’.
ലോക്ക്ഡൗണ്‍ എല്ലാ നിര്‍മാതാക്കള്‍ക്കും എങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് താന്‍ കെജിഎഫ് ടീമിനോട് വിശദീകരിച്ചു.എന്തുകൊണ്ട് തന്റെ സിനിമ ഏപ്രില്‍ 14ന് റിലീസ് ചെയ്യേണ്ടിവരുന്നുവെന്നും പറഞ്ഞു. അവര്‍ തന്റെ സാഹചര്യം മനസ്സിലാക്കിയെന്നും റിലീസുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടെന്നും ആമിര്‍ പറഞ്ഞു. കെജിഎഫ് ടീമിന്റെ ഈ നിലപാട് തന്നെ ഏറെ സ്പര്‍ശിച്ചെന്നും ആമിര്‍ വിശദീകരിച്ചു. താന്‍ കെജിഎഫ് ആരാധകനാണെന്നും ആമിര്‍ വെളിപ്പെടുത്തി.
‘യാഷുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹം എന്നെ പിന്തുണച്ചു. കെജിഎഫ് എന്നത് ബ്രാന്‍ഡ് ആണെന്നും അതിനാല്‍ സിനിമയുടെ തുടര്‍ ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുകയാണെന്നും ഞാന്‍ പറഞ്ഞു. കെജിഎഫ് ആക്ഷന്‍ സിനിമയാണ്. എന്റേത് കുടുംബ കഥയാണ്. അതുകൊണ്ട് സിനിമകളുടെ കലക്ഷനെ പരസ്പരം ബാധിക്കില്ലെന്ന് ഞാന്‍ കരുതുന്നു. കെജിഎഫിന്റെ പ്രമോഷന്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത ഞാന്‍ അറിയിച്ചു. ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തി ഞാന്‍ കെജിഎഫ് കാണുമെന്നും യാഷിനോട് പറഞ്ഞു’.