ആമിർ ഖാൻ നായകനായ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ചിത്രം ഒക്ടോബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 180 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം തിയേറ്റർ പ്രദർശനത്തിന് ആറ് മാസങ്ങൾക്ക് ശേഷം ഒടിടി സ്ട്രീം ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് തിയേറ്ററിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഒടിടി റിലീസ് തീയതി നേരത്തെയാക്കിയത്. ഒക്ടോബർ 20ന് ലാൽ സിംഗ് ഛദ്ദ സ്ട്രീമിങ്ങ് ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ മോശം പ്രതികരണം ലഭിച്ച സിനിമ അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ലാല്‍ സിംഗ് ഛദ്ദ. നിലവില്‍ ‘ഗംഗുഭായ് കത്യവാഡി’, ‘ഭൂല്‍ ഭുലയ്യ 2’, ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്നീ സിനിമകളെ പിന്തള്ളിയാണ് അദ്യ സ്ഥാനത്തേക്ക് ലാല്‍ സിംഗ് ഛദ്ദ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കിടെ 7.5 മില്യണ്‍ ഡോളര്‍ (59 കോടി രൂപ) ആണ് ലാല്‍ സിംഗ് ഛദ്ദ നേടിയത്.