നാല് വർഷത്തെ ഇടവേളക്ക് ശേഷം ആമിർ ഖാൻ നായകനായി എത്തിയ ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. ഹിന്ദുത്വ ഭീഷണികൾക്കിടയിലും ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ അടുത്ത ആറുമാസത്തേക്ക് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമിർ ഖാൻ. സിനിമ തിയേറ്ററിൽ തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
‘ഒടിടി സിനിമക്കൊരു വെല്ലുവിളിയല്ല, പക്ഷേ ബോളിവുഡിന് അതൊരു വെല്ലുവിളി തന്നെയാണ്. ഞങ്ങളുടെ സിനിമകള്‍ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷേ, നിങ്ങള്‍ക്ക് തിയേറ്ററുകളിൽ വരണമെന്ന് നിര്‍ബന്ധമില്ല. കാരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയും. ആളുകള്‍ തിയേറ്ററുകളില്‍ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും? ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക.’, ആമിർ പറഞ്ഞു.
ലാല്‍ സിംഗ് ഛദ്ദ പോലുള്ള സിനിമകളെ പിന്തുണക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ഇത്തരമൊരു വെല്ലുവിളി നേരിടാനാകും. എന്നാല്‍ ചെറിയ പ്രൊഡക്ഷന്‍ ബാനറുകള്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോയെന്നും ആമിര്‍ ചോദിച്ചു.
ആഗസ്ത് 11നായിരുന്നു ലാൽ സിംഗ് ഛദ്ദയുടെ റിലീസ്. പിന്നാലെ, ചിത്രത്തിനെതിരെ ബഹിഷ്കരണ കാംപെയിൻ തുടങ്ങുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ‘പി.കെ’യിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു കാംപെയിൻ. വൻ നഷ്ടമാണ് ചിത്രം നേരിട്ടത്. മുതൽമുടക്ക് പോലും തിരിച്ച് പിടിക്കാനായില്ല. ഒടുവിൽ വിതരണ കമ്പനിക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച് ആമിർ രംഗത്തുകയും ചെയ്തിരുന്നു.