ലാലേട്ടന്‍ എന്നെ നോക്കി തലയാട്ടി, അഭിനയം എനിക്ക് പറ്റും എന്നൊരു ഫീല്‍ വന്നു:മുരളീഗോപി

നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മുരളി ഗോപി.

താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വ്യക്തമാക്കുകയാണ്.

സിനിമാ അഭിനയം തുടരാനുള്ളതിന്റെ കാരണം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നാണ് മുരളി ഗോപി പറയുന്നത്.

താരം പറയുന്നതിങ്ങനെ,

‘രസികന്‍’ എന്ന സിനിമയില്‍ ഒരു വില്ലന്‍ വേഷം ആണെങ്കില്‍ പോലും ഒരു അതിഥി വേഷമായിരുന്നു. സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ സാധാരണ എല്ലാവരും സുന്ദരന്മാരായി വരാന്‍ നോക്കും. ഞാന്‍ നേരെ തിരിച്ച് ഒട്ടും സൗന്ദര്യമില്ലാത്ത കാല ഭാസ്‌കരന്‍ എന്ന കഥാപാത്രമായാണ് എത്തിയത്.

അതിനു ശേഷം 5 വര്‍ഷം കഴിഞ്ഞ് ഞാന്‍ ഒരു ജേര്‍ണലിസ്റ്റിക് അസൈന്‍മെന്റ് ആയി പുറത്തു പോയി വന്നതിനു ശേഷമാണ് എന്റെ സുഹൃത്ത് രതീഷ് അമ്പാട്ട് ബ്ലെസ്സി ഏട്ടന്‍ എന്നെ കാണണം എന്ന് പറഞ്ഞതായി പറയുന്നത്.

ബ്ലെസ്സിയേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ചേട്ടാ എനിക്ക് അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ല എന്നാണ്. അദ്ദേഹം തിരുവല്ലയില്‍ നിന്ന് എന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞ് വന്നിരുന്നു.

അദ്ദേഹം വന്നു മൂന്ന് മണിക്കൂര്‍ എന്നോട് സംസാരിച്ച് എന്നെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. നീ അഭിനയിക്കണം. നിനക്ക് അഭിനയിക്കാന്‍ പറ്റും. എന്നെ അല്ലെങ്കില്‍ എന്റെ വര്‍ക്കില്‍ നിനക്ക് വിശ്വാസമുണ്ടെങ്കില്‍ നീ അഭിനയിക്കണം എന്നൊക്കെ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തിരിച്ചു വരുന്നത്.

അങ്ങനെ ‘ഭ്രമര’ത്തിന്റെ ഫസ്റ്റ് ഷോട്ട് ഒക്കെ എടുക്കുമ്പോള്‍ അവിടെ ലാലേട്ടനൊക്കെ ഉണ്ട്. ആ ഫസ്റ്റ് ഷോട്ട് ഓകെ ആയപ്പോള്‍ ഞാന്‍ ലാലേട്ടന്റെ കണ്ണിലേക്ക് നോക്കി. ലാലേട്ടന്‍ എന്നെ നോക്കി ഒന്ന് തലയാട്ടി. എനിക്ക് അത് ഭയങ്കര പവര്‍ഫുള്‍ ആയിട്ട് തോന്നി. നന്നായിട്ടുണ്ട് എന്നതിന്റെ സൂചനയാണ് അത്. അപ്പോള്‍ അഭിനയം എനിക്ക് പറ്റും എന്നൊരു ഫീല്‍ വന്നു’

Top