ബി.ജെ.പിയെ വെട്ടിലാക്കിയ മുഖ്യമന്ത്രി; അതായിരുന്നു ബീഹാറിലെ ലാലു !

കാലി തൊഴുത്തിൽ നിന്നും മുഖ്യമന്ത്രി കസേരയിലെത്തിയ രാഷ്ട്രീയ നേതാവാണ് ലാലു പ്രസാദ് യാഥവ്. മുഖ്യമന്ത്രി ആയപ്പോൾ പോലും പശുക്കളെ പരിപാലിക്കുന്നതിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ഈ ദൃശ്യങ്ങളാകട്ടെ അക്കാലത്ത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒടുവിൽ കാലിതീറ്റ കേസിൽപ്പെട്ട് തന്നെ ലാലു പ്രസാദിന് ജയിലിൽ കിടക്കേണ്ടി വന്നതും വിധിയുടെ വിളയാട്ടമായിരുന്നു.

എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നിലപാടുകളുടെ കാര്യത്തിൽ എന്നും ഉറച്ച നിലപാടു സ്വീകരിച്ച രാഷ്ട്രീയ നേതാവു തന്നെയാണ് ലാലു പ്രസാദ് യാഥവ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ സംഘപരിവാർ രാഷ്ട്രീയത്തോട് കലഹിച്ചാണ് ലാലു പ്രസാദ് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയിരുന്നത്.

കലാപങ്ങളുടെ കാലത്ത്​ അതിനെ ധൈര്യപൂർവം തടയിട്ട നേതാവെന്ന നിലയിലാണ് ലാലുപ്രസാദ്​ യാദവെന്ന പേര്​ ഇന്ത്യൻ മതേതര വിശ്വാസികൾ ഇപ്പോഴും ഓർക്കുന്നത്. സംഘപരിവാറിന്റെ രാമക്ഷേ​ത്ര പ്രക്ഷോഭകാലത്ത് അന്നത്തെ ബി.ജെ.പി അധ്യക്ഷൻ എൽ.കെ അദ്വാനി നയിച്ച രഥയാത്രയെ ബീഹാറിന്റെ മണ്ണിൽ തടഞ്ഞത് ലാലു പ്രസാദ് സർക്കാറാണ്. പോകുന്നിടത്തെല്ലാം വലിയ സംഘർഷങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഉരുണ്ട രഥത്തെ ആര് തടയും എന്ന ചോദ്യം ഉയർന്നിരിക്കെയാണ് രാഷ്ട്രീയ ഇന്ത്യയെ അമ്പരപ്പിച്ചു കൊണ്ട് ലാലു പ്രസാദ് യാഥവ് ആ ദൗത്യം ഏറ്റെടുത്തിരുന്നത്.

ഗുജറാത്തിലെ സോമനാഥിൽ നിന്നും അയോധ്യ ലക്ഷ്യമിട്ട്​ കുതിച്ച യാത്രയെ ഒടുവിൽ ബീഹാറിലെ സമസ്​തിപൂരിൽ വെച്ചാണ് ലാലു പ്രസാദിന്റെ പൊലീസ് തടഞ്ഞു നിർത്തിയിരുന്നത്. കേന്ദ്രസർക്കാർ ഉൾപ്പെടെ വേണ്ടെന്ന്​ പറഞ്ഞിട്ടും അദ്വാനിയെ അറസ്​റ്റ്​ ചെയ്​തു ജയിലഴിക്കുള്ളിലാക്കാനുള്ള ചങ്കൂറ്റവും ലാലു ഭരണകൂടം അന്ന് കാണിക്കുകയുണ്ടായി. ഇതേകുറിച്ച് പിന്നീട് ലാലു പ്രസാദ് പറഞ്ഞത് ഇങ്ങനെയാണ് “എന്നെ സംബന്ധിച്ചി​ടത്തോളം 1992 ഡിസംബർ ആറ്​ ദുഃഖകരമായ ദിവസം തന്നെയാണ്. അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര ബീഹാറിലെത്തിയപ്പോൾ സുരക്ഷിതമായി കടന്നുപോകുന്നതിന്​ അവസരമൊരുക്കാൻ എനിക്ക്​ കഴിയുമായിരുന്നു. പ്രധാനമന്ത്രി വി.പി സിങ്ങിന്റെ സർക്കാർ രഥയാത്ര തുടരാൻ അനുവദിക്കുമെന്നും തനിക്ക് ഉറപ്പായിരുന്നു. എങ്കിലും ഞാൻ അദ്വാനിയെ തടുത്തുനിർത്തി. എന്റെ സർക്കാരിനെ ബലിയർപ്പിച്ചുകൊണ്ട്​ ഞങ്ങൾ അന്ന്​ രാജ്യത്തെ രക്ഷിച്ചുവെന്ന്​ പിൽകാലത്തുള്ളവർ പറയുമെന്ന്​ ഉറപ്പുണ്ടായിരുന്നു എന്നും” അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

” അന്ന് ആ രഥയാത്ര ഉത്തർപ്രദേശിലേക്ക്​ കടന്നിരുന്നെങ്കിൽ അവിടം വർഗീയ കലാപംകൊണ്ട്​ നശിക്കുമായിരുന്നു” എന്ന ആശങ്കയും ലാലു പ്രസാദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഥയാത്ര സൃഷ്ടിച്ച കലുഷിത അന്തരീക്ഷത്തിൽ ബീഹാറിൽ തടിച്ചുകൂടിയ ജനത്തോട്​ അന്ന് ലാലുപ്രസാദ് യാഥവ് പറഞ്ഞതും മാസ് ഡയലോഗുകളാണ്. ”രാജ്യതാൽപര്യം കണക്കിലെടുത്ത്​ രഥയാത്ര നിർത്തി ഡൽഹിക്കു തിരിച്ചുപോകണമെന്ന്​ അദ്വാനിയോട്​ അഭ്യർഥിച്ച ലാലു മനുഷ്യർ മരണപ്പെട്ടാൽ ആരാണ്​ ക്ഷേത്രത്തിൽ മണിയടിക്കുക എന്ന ചോദ്യമാണ് ആദ്യം ഉയർത്തിയിരുന്നത്. മനുഷ്യരില്ലെങ്കിൽ ആരാണ്​ പള്ളിയിൽ പോയി ​പ്രാർഥിക്കുക എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ലാലുവിന്റെ ഈ ചോദ്യങ്ങളെ കയ്യടികളോടെയാണ് ജനങ്ങൾ പോത്സാഹിപ്പിച്ചിരുന്നത്.

സംസ്ഥാന സർക്കാറിന്റെ ഭാഗത്ത്​നിന്നുകൊണ്ട്​ അദ്വാനിക്ക് പൂർണസുരക്ഷ ഉറപ്പാക്കിയ ബീഹാർ മുഖ്യമന്ത്രി ഒരു രാഷ്​ട്രീയ നേതാവിന്റെ ജീവൻ പോലെ തന്നെ സാധാരണ ജനങ്ങളുടെ ജീവനും മൂല്യമുണ്ടെന്ന കാര്യം കൂടി അദ്വാനിയെ ഓർമ്മിപ്പിക്കുകയുണ്ടായി.”ബീഹാർ ഭരിക്കുന്നത്​ ഞാനാണെങ്കിൽ സംസ്ഥാനത്ത്​ ഒരിക്കലും വർഗീയ കലാപത്തിന്​ ​അനുവദിക്കുകയില്ല എന്നതായിരുന്നു ലാലുവിന്റെ ഉറച്ച നിലപാട്. വർഗീയ കലാപത്തി​ന്റെ അപകടത്തെ തങ്ങളുടെ രാഷ്ട്രീയ ശക്തിയെ ബലികൊടുത്തിട്ടാണെങ്കിൽ പോലും തടുത്തുനിർത്താൻ ചങ്കുറപ്പു കാട്ടിയ ഭരണാധികാരിയാണ് അദ്ദേഹം. രഥയാത്ര തടയരുതെന്ന്​ പറഞ്ഞ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും പി.ഡി.പി നേതാവുമായ മുഫ്​തി മുഹമ്മദ്​ സഈദിനോട്​ “നിങ്ങൾ അധികാരത്തിന്റെ ലഹരിയിൽ മുഴുകിയിരിക്കുകയാണെന്നായിരുന്നു” ലാലു നൽകിയിരുന്ന മറുപടി.

ബീഹാർ സർക്കാറിന്റെ സകല മുന്നറിയിപ്പുകളും അവഗണിച്ച് രഥയാത്ര തുടർന്നപ്പോഴാണ് അദ്വാനി ബീഹാറിൽ അറസ്റ്റിലായിരുന്നത്. കേന്ദ്ര സർക്കാറിൽ നിന്നുള്ള ശക്തമായ സമ്മർദങ്ങൾക്കിടയിലും അതിനെയൊക്കെ അതിജീവിച്ചായിരുന്നു, ഈ അറസ്റ്റ് എന്നതും ചരിത്രമാണ്. ഇതിനു ശേഷം പിന്നീട് 1992 ഡിസംബർ ആറിന്​ കർസേവകർ ബാബരി മസ്ജിദ് തകർത്തുവെന്നതും മറ്റൊരു ചരിത്രമാണ്. ലാലുപ്രസാദ് യാഥവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്നു എങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടില്ലായിരുന്നു എന്നു വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെ വിശ്വസിക്കാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. ആരെയും ഭയക്കാത്ത ശക്തനായ ഭരണാധികാരി എന്ന ലാലുവിന്റെ പ്രതിച്ഛായ തല്‍കിയ ആത്മവിശ്വാസം തന്നെയാണത്.


EXPRESS KERALA VIEW

Top