ന്യൂഡല്‍ഹി: ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആയിരം കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മിസയോട് ഹാജരാവാന്‍ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാസം 12 ന് ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കേസില്‍ മിസയുടെ ഭര്‍ത്താവ് ശൈലേഷ് കുമാറിനോട് നാളെ ഹാജാരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മക്കളുടെയും ബിനാമികളുടെയും പേരില്‍ ലാലു കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.
യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരിക്കെയാണ് ഈ ഭൂമി ഇടപാടുകള്‍ നടത്തിയത്. പാറ്റ്‌നയില്‍ മക്കളുടെ പേരിലുള്ള രണ്ടേക്കര്‍ ഭൂമിയില്‍ പണിയുന്ന വലിയ ഷോപ്പിംഗ് മാളും ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിലെ വലിയ വസതിയും ലാലുവിന്റെ അനധികൃത ഇടപാടുകളാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ലാലുവിന് പുറമേ മകളും എം.പിയുമായ മിസ ഭാരതി, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിമാരും പുത്രന്മാരുമായ തേജ് പ്രതാപ് യാദവ്, തേജസ്വി യാദവ് എന്നിവര്‍ക്കും മറ്റ് രണ്ട് മന്ത്രിമാര്‍ക്കും ഭൂമി ഇടപാടുകളില്‍ പങ്കുണ്ടെന്നും ബി.ജെ.പി വ്യക്തമാക്കി.
ലാലുവിന്റെ മക്കളുടെ ചില വസ്തുക്കള്‍ കമ്പനികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ആ സ്ഥാപനങ്ങളില്‍ ഒരു ജീവനക്കാരന്‍ പോലുമില്ലെന്നും അവര്‍ ചൂണ്ടി കാട്ടി.
ഈ കേസില്‍ മിസ ഭാരതിയുമായി ബന്ധമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രാജേഷ് കുമാര്‍ അഗര്‍വാളിനെ എന്‍ഫോഴ്‌സ്‌മെന്റ് മേയ് 22ന് അറസ്റ്റു ചെയ്തിരുന്നു.
ലാലുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഭൂമിയിടപാടിന് അഗര്‍വാള്‍ നിയമസഹായം നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്.
നേരത്തെ, അയച്ച നോട്ടീസില്‍ ഇന്ന് ഹാജാരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മിസ ഹാജാരാവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പുതിയ നോട്ടീസ് അയച്ചത്.