പട്ന: പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിനെക്കാൾ മുമ്പേ ആർഎസ്എസ് നിരോധിക്കണമായിരുന്നെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ആർഎസ്എസ് ഹിന്ദു വർഗീയ സംഘടന തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയവും കപടമതേതരത്വവുമാണെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ് യാദവ്. “അവർ (ബിജെപി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വർഗീയത ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് ആണ് ആദ്യം നിരോധിക്കപ്പെടാൻ യോഗ്യതയുള്ള സംഘടന.”- ലാലുപ്രസാദ് യാദവ് പറഞ്ഞു.