ബിജെപിക്ക് കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് സാമൂഹികനീതിക്കായി മരിക്കുന്നതാണെന്ന് ലാലു

lalu

ലഖ്‌നോ: കാലിത്തീറ്റ കുംഭകോണക്കേസിലെ വിധിയില്‍ പ്രതികരണം അറിയിച്ച് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്വിറ്ററിലൂടെ ലാലു നടത്തിയത്.

‘ഞങ്ങളെ പിന്തുടരുക അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ശരിപ്പെടുത്തുമെന്ന ബി.ജെ.പിയുടെ ലളിത നിയമം പിന്തുടരുന്നതിനേക്കാള്‍ സാമൂഹ്യനീതിക്കും, ഒത്തൊരുമയ്ക്കും, തുല്യതയ്ക്കുമായി സന്തോഷത്തോടെ ഞാന്‍ മരിക്കും,’ എന്നാണ് ലാലു തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് പ്രത്യേക സി.ബി.െഎ കോടതി ലാലുവിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ നിരപരാധിയാണെന്നും തന്നെ കരുവാക്കിയതാണെന്നും ലാലു കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാഞ്ചി കോടതിയില്‍ ശിക്ഷ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും ലാലു ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു.

ലാലുവിനെതിരെ മോദി സര്‍ക്കാറും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഗൂഢാലോചന നടത്തിയതാണെന്ന് മകന്‍ തേജസ്വി യാദവും വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബി.ജെ.പിക്ക് വഴങ്ങാന്‍ ലാലു തയാറായിരുന്നുവെങ്കില്‍ അദ്ദേഹം സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നെന്നും തേജസ്വി പറഞ്ഞിരുന്നു.

Top