പാറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപിനെതിരെയും അഴിമതി ആരോപണം.
പാറ്റ്‌ന മൃഗശാലയില്‍ നടപ്പാത നിര്‍മിക്കാന്‍ മണ്ണടിപ്പിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാറ്റ്‌ന ഹൈക്കോടതി ബിഹാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് ക്വട്ടേഷന്‍ സ്വീകരിച്ചാണ് മണ്ണ് വാങ്ങിയതെന്നും ആരോപണമുണ്ട്.
ബിഹാര്‍ സര്‍ക്കാറിലെ ഉപമുഖ്യമന്ത്രിയും വനം മന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നിതീഷ് കുമാര്‍ സര്‍ക്കാറില്‍ വനം മന്ത്രിയായിരിക്കെ തേജ് പ്രതാപ് പാട്‌ന മൃഗശാലയില്‍ നടപ്പാത നിര്‍മിക്കാന്‍ മണ്ണടിച്ചത് അനധികൃതമായാണ് എന്നാണ് ആരോപണം.
പാട്‌നയില്‍ തേജസ്വി യാദവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മാള്‍ പണിയുന്നതിനായി കുഴിച്ചെടുത്ത മണ്ണാണ് മൃഗശാലയിലെ നടപ്പാതക്കായി വാങ്ങിയത്.
എന്നാല്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ലെങ്കിലും അഞ്ചു വിവിധ ക്വട്ടേഷനുകള്‍ ഉണ്ടായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്വട്ടേഷനുകള്‍ തമ്മില്‍ 100 രൂപയുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിനര്‍ഥം അഴിമതി നടന്നിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ലാലു പ്രസാദും നിതീഷും സഖ്യത്തിലായിരുന്നപ്പോള്‍ നടന്ന അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.