ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാകെയ്ന്‍ എല്‍പി 5802 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.99 കോടി രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ആഗോള വിപണിയില്‍ പുറത്തിറക്കി മൂന്നു ദിവസത്തിനകമാണ് വാഹനം ഇന്ത്യന്‍ വിപണിയിലും പുറത്തിറക്കിയത്.
ലംബോര്‍ഗിനിയുടെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് കൂപെയാണ് ഹുറാകെയ്ന്‍. ടൂ വീല്‍ഡ് ഡ്രൈവ് വേര്‍ഷനാണ് ഹുറാകെയ്ന്‍. 5,204 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. സ്റ്റാര്‍ട്ട് ചെയ്ത് 3.4 സെക്കന്‍ഡില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 320 കിലോമീറ്ററാണ് പരമാവധി വേഗത.
റെഗുലര്‍ വേര്‍ഷനിലെ 5.2 ലീറ്റര്‍ വി 10 എഞ്ചിന്‍ തന്നെയാണ് പുതിയ എല്‍പി 5802 വേര്‍ഷനിലും ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, എഞ്ചിന്‍ ആര്‍ഡബ്ല്യൂഡി അഥവാ റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലേക്ക് ഡീട്യൂണ്‍ ചെയ്തിട്ടുണ്ട് കമ്പനി. 580 ബിഎച്ച്പിയില്‍ പരമാവധി 540 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും. 8,000 ആര്‍പിഎമ്മില്‍ 580 കുതിരശക്തിയാണ് കരുത്ത്. 6,500 ആര്‍പിഎമ്മില്‍ 540 എന്‍എം ടോര്‍ക്ക് കരുത്ത് ലഭിക്കും.