ഇറ്റാലിയൻ ആഡംബര വാഹനനിർമാതാക്കളായ ലംബോർഗിനിയുടെ ഉറൂസ് എസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. ഏപ്രിൽ 13ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാറിന് ഉറൂസ് പെർഫോമാന്റെയെക്കാൾ വില കുറവായിരിക്കുമെന്നാണ് സൂചന. നിലവിൽ 4.22 കോടി രൂപയാണ് ഉറൂസ് പെർഫോമന്റെയുടെ ഇന്ത്യയിലെ വിൽപന വില. ഉറൂസിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഉറൂസ് പെർഫോമാന്റെയുടെയും ഉറൂസ് എസിന്റെയും കടന്നുവരവ്. 2022 സെപ്റ്റംബറിലാണ് ആഗോളതലത്തിൽ ഉറൂസ് എസ് പുറത്തിറക്കിയത്. കൂടുതൽ ട്രാവൽ കംഫർട്ട് നൽകുന്നതാണ് ഉറൂസ് എസിന്റെ രൂപകൽപ്പന
രൂപം ഒന്നാണെങ്കിലും പെർഫോമന്റെയിൽ നിന്ന് അല്പം വ്യത്യസ്തമാണ് ഉറൂസ് എസ്. ഡ്യുവൽ-ടോൺ ബോണറ്റാണ് ഉറൂസ് പെർഫോമന്റെയിലുള്ളത്. എന്നാൽ കൂളിങ് വെന്റുകളുള്ള സിംഗിൾ-ടോൺ ബോണറ്റാണ് ഉറൂസ് എസിലുള്ളത്. കൂടാതെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഡിസൈനുകളിലും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിൽ വ്യത്യാസമുണ്ട്. പോർഷെ കയെൻ ടർബോയിലും പെർഫോർമന്റെയിലുമുള്ള 666 ബിഎച്ച്പി, 4.0 ലിറ്റർ, വി8 ട്വിൻ-ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഉറൂസ് എസിലും ഉള്ളത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സാണ് നാല് വീലുകൾക്കും കരുത്ത് പകരുന്നത്.
സസ്പെൻഷനിലാണ് പെർഫോർമന്റെയും എസും തമ്മിലുള്ള പ്രധാന വ്യത്യാസം. ഉറൂസ് എസിൽ കംഫർട്ടിന് പ്രാധാന്യം കൂടുതൽ നൽകിയിരിക്കുന്നതിനാൽ കോയിൽ സ്പ്രിങുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉറൂസിന്റെ ആദ്യ പതിപ്പിലേത് പോലെ എയർ സസ്പെൻഷനിലും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താം. ഒറിജിനൽ സസ്പെൻഷനിലേക്ക് മടങ്ങുന്നതിനോടൊപ്പം പെർഫോമന്റെയിൽ നൽകിയിട്ടില്ലാത്ത പല ട്രാക്ഷൻ കൺട്രോൾ മോഡുകളും എസിലൂടെ തിരിച്ചുവരുന്നുണ്ട്. സാബിയ, നീവ്, ടെറ, സ്ട്രാഡ, സ്‌പോർട്ട്, കോർസ എന്നിവയാണ് ഉറൂസ് എസിലുള്ള ട്രാക്ഷൻ കൺട്രോൾ മോഡുകൾ.