എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കുന്ന പുതിയ ഹൈക്കോടതി സമുച്ചയം ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പി രാജീവ്.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യൽ സിറ്റിയ്ക്കായി എറണാകുളം കളമശ്ശേരിയിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലം ഹൈക്കോടതി ജഡ്ജിമാരും ജില്ലാ ജില്ലാ കലക്ടറും അടങ്ങുന്ന വിദഗ്ധ സംഘത്തിനൊപ്പം പരിശോധിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് എറണാകുളം കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജഡ്ജിമാരും, മന്ത്രി പി രാജീവും, ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധസംഘം ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റീസ് സതീഷ് നിനൻ, ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് എന്നിവർ വിദഗ്ധ സംഘത്തിൽ ഉണ്ടായിരുന്നു.
ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളൾ കളമശേരിയിൽ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീർഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ഭാവിയിൽ ഏറെ ഉപകാരപ്രദമായ സ്ഥലത്താണ് പുതിയ ഹൈക്കോടതി കെട്ടിടം നിലവിൽ വരുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.