land fraud case-arrest warrant against pv Anwar mla

നിലമ്പൂര്‍: കരാര്‍ എഴുതി മുഴുവന്‍ പണവും നല്‍കാതെ ഭൂമി തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ കോടതിയുടെ അറസ്റ്റു വാറണ്ട്.

മഞ്ചേരി സബ് കോടതി ജഡ്ജി കെ.പി പ്രദീപാണ് അറസറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.

93 വയസുള്ള കുടിയേറ്റ കര്‍ഷകന്‍ മഞ്ചേരി നാലംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ സ്ഥലം വാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കാതിരിന്നുവെന്നും അനധികൃതമായി കൂടുതല്‍ സ്ഥലം സ്വന്തമാക്കിയെന്നും ആയിരുന്നു കേസ്.

കോടതി വിധിച്ച തുക ഗഢുക്കളായി നല്‍കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയിട്ടും അവശേഷിക്കുന്ന 3,33,000 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന കോടതി വിധി ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വര്‍ സി.പി.എം നേതൃത്വം ഇടപെട്ടതോടെ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചതോടെയാണ് വാറണ്ട് ഒഴിവായത്.

തുടര്‍ന്ന് നല്‍കാനുള്ള ബാക്കി സംഖ്യ അഞ്ചു ഗഡുക്കളായി നല്‍കാമെന്ന് കോടതിയില്‍ രേഖാമൂലം ഉറപ്പും നല്‍കിയിരുന്നു. ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി പി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു.

എന്നാല്‍ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി അന്‍വര്‍ സ്വന്തമാക്കിയെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ പിഎ പൗരന്‍ മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

മഞ്ചേരിയില്‍ ഭൂമി തട്ടിപ്പുകേസില്‍ പ്രതിയായി നില്‍ക്കെയാണ് അന്‍വര്‍ നിലമ്പൂരില്‍ വിജയിച്ച് എം.എല്‍.എയായത്. എം.എല്‍.എയായ ശേഷം നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരനെ തട്ടികൊണ്ടുപോയി സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എം.എല്‍.എയുടെ സഹോദരനെതിരെ നിലമ്പൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.

Top