ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയത്.
രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ബിജെപി നേതാക്കളും സര്‍ക്കാരിലെ പ്രമുഖരും ബിനാമികളുടെ പേരില്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
‘മതത്തിന്റെ മറവില്‍ ഹിന്ദുത്വവാദികള്‍ കൊള്ളയടിക്കുന്നു’ എന്നാണ് ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ‘ഹിന്ദു സത്യത്തിന്റെ പാതയാണ് പിന്തുടരുന്നത്. ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാമ ക്ഷേത്രം പണിയാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ എം.എല്‍.എമാരും, മേയര്‍, ഡി.ഐ.ജി, കമ്മീഷണര്‍മാരുടെ ബന്ധുക്കളും അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള വാര്‍ത്തയോടൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വിഷയം രാജ്യസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു. അയോധ്യയില്‍ നടക്കുന്നത് ഭൂമി കുംഭകോണമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. അയോധ്യ നഗരത്തില്‍ കൊള്ള നടത്തിയാണ് ബി.ജെ.പി നേതാക്കളും ബന്ധുക്കളും ഭൂമി സ്വന്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട മോദിജി, എപ്പോഴാണ് താങ്കള്‍ ഈ പകല്‍ക്കൊള്ളയെ കുറിച്ച് വാതുറക്കുക. കോണ്‍ഗ്രസും ഈ രാജ്യത്തെ ജനങ്ങളും രാമ ഭക്തരുമെല്ലാം ഈ ചോദ്യം ഉന്നയിക്കുകയാണ്’ എന്ന് സുര്‍ജേവാല ചോദിച്ചു.