മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഭൂമി പരിശോധന; തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ചയോടെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.

സ്ഥലത്ത് 4 മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേക്ക് ഒരുങ്ങിയത്. റോഡിനായി സ്ഥലം വിട്ടുനില്‍കിയപ്പോള്‍,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴല്‍നാടന്‍ നേരത്തെ അറിയിച്ചിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് താലൂക്ക് സര്‍വേയര്‍ സജീഷ് എം.വി ഉടന്‍ തഹസില്‍ദാര്‍ക്ക് കൈമാറും. എംഎല്‍എയുടെ വീട്ടിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍വേ നടത്താന്‍ വിജിലന്‍സ് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയത്.

Top