land-issue-adoor prakash-vm sudheeran-kpcc-assembly-election

തിരുവനന്തപുരം: ഭൂമി വിവാദത്തില്‍ കുരുങ്ങിയ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് മത്സരിക്കാന്‍ ഇനി സീറ്റ് നല്‍കരുതെന്ന ആവശ്യം ശക്തമാവുന്നു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും അടൂര്‍ പ്രകാശിന്റെ തട്ടകമായ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഈ ആവശ്യം ശക്തമാണ്.

റനവ്യുമന്ത്രിയായതിന് ശേഷം വഴിവിട്ട നിരവധി നടപടികള്‍ക്ക് അടൂര്‍ പ്രകാശ് നേതൃത്വം കൊടുത്തിട്ടുണ്ടെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇപ്പോള്‍ കോട്ടയത്തും എറണാകുളത്തും കായല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തരവെന്നുമാണ് ആക്ഷേപം.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വൈസ് പ്രസിഡന്റ് വിഡി സതീശനും വിവാദ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ഉടനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മന്ത്രി പരിശോധിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ സര്‍ക്കാരിനും യുഡിഎഫിനുമെതിരായ ആയുധമാക്കി പ്രതിപക്ഷം ഇതിനകം തന്നെ ഭൂമി വിവാദം മാറ്റിയതിനാല്‍ അടിയന്തരമായ തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആവശ്യം.

അടൂര്‍ പ്രകാശിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ ഇനി സമീപിക്കേണ്ടതില്ലെന്ന് ചില നേതാക്കളോട് സുധീരന്‍ തുറന്ന് പറഞ്ഞതായാണ് അറിയുന്നത്.

മുഖ്യമന്ത്രി ഇടപെട്ട് കായല്‍ നികത്താന്‍ നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സുധീരന്‍ കര്‍ശന നിര്‍ദ്ദേശം തന്നെ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. ഈ ആവശ്യം നടപ്പാക്കേണ്ട സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അടൂര്‍ പ്രകാശ് റവന്യൂവകുപ്പില്‍ നടത്തിയ എല്ലാ ‘ഇടപാടുകളും’ വിജിലന്‍സ് അന്വേഷണത്തിന് വിടുമെന്ന് ഇടതു നേതാക്കളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചാണ് കോട്ടയം-കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് റവന്യു വകുപ്പ് അനുമതി നല്‍കിയിരുന്നത്.

എറണാകുളത്തെ കടമക്കുടിയില്‍ 47 ഏക്കര്‍ സ്ഥലം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ നികത്താനും വഴിവിട്ട് അനുമതി നല്‍കിയിരുന്നു.

ഇതിനെല്ലാം പിന്നില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഉയര്‍ന്ന് വരുന്ന ആക്ഷേപം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് നിരവധി ഫയലുകള്‍ തന്റെ മുന്നില്‍ വന്നിട്ടുണ്ടെന്നും അതെല്ലാം ഓര്‍മ്മയിലുണ്ടാവണമെന്നില്ലെന്നുമുള്ള അടൂര്‍പ്രകാശിന്റെ മറുപടിയും കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

അടൂര്‍ പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി ഫാക്‌സുകളും ഇമെയിലുകളും എഐസിസി ആസ്ഥാനത്തേക്ക് പ്രവഹിച്ച് തുടങ്ങിയതിനാല്‍ ‘കടുത്ത’ ചില നടപടികള്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

കോന്നി മണ്ഡലത്തില്‍ വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കുന്ന അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ ഭൂമി വിവാദം കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

Top