ഇടുക്കി : ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിന്‍വലിക്കുന്നത് ആലോചിക്കാമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ജനനന്മയ്ക്കായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു. ഉത്തരവിനെതിരെ ജില്ലയിലെ സിപിഐ ഉയര്‍ത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്നത്. ഭേദഗതി വന്നതോടെ പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന സ്ഥിതിയായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാരിന്റെ നിലപാട്.
പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഭേദഗതി മൂന്നാറിലെ എട്ട് പഞ്ചായത്തുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഉത്തരവ് പിന്‍വലിച്ചില്ല. ഇതോടെ പട്ടയഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ പണിയുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ കട്ടപ്പനയില്‍ നിരാഹാരം ഇരുന്നു. ഇതോടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.