തിരുവനന്തപുരം: തോട്ടം വ്യവസായത്തില്‍ പഴ വര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാനുള്ള തീരുമാനം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് സിപിഐ. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നോട്ട് തയ്യാറാക്കി നല്‍കാന്‍ റവന്യുമന്ത്രി ചന്ദ്രശേഖരനും കൃഷി മന്ത്രി സുനില്‍കുമാറിനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി.
അതേസമയം, ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്തി കൊണ്ടുള്ള ഭേദഗതിയെ പറ്റി ചര്‍ച്ച തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഇന്ന് പാര്‍ട്ടിയോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ തോട്ടം ഭൂമി തുണ്ടുകളായി മുറിച്ചുവില്‍ക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിഷയം മാറ്റിയത്.
റവന്യു-കൃഷി മന്ത്രിമാരുടെ നോട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും. വിഷയം ഇതിന് ശേഷം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. നിലവില്‍ ഏഴ് വിളകളാണ് തോട്ടം ഭൂമിയില്‍ കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ഇടവിളയായും ഒറ്റവിളയായും പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്ത് തോട്ടം വ്യവസായത്തെ സംരക്ഷിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.