മലപ്പുറം: ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയത് കോണ്‍ഗ്രസെന്ന് ആര്യാടന്‍ മുഹമ്മദ്. ലോകവും ഇന്ത്യയും വാഴ്ത്തുന്ന കേരള മോഡലിന് അടിസ്ഥാനം ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരണ നിയമമാണെന്ന് തിരുവനന്തപുരത്ത് പുസ്തക പ്രകാശന ചടങ്ങില്‍ പിണറായി നടത്തിയ പ്രസംഗത്തെയാണ് ആര്യാടന്‍ തള്ളിക്കളയുന്നത്.
1957ല്‍ ഇ.എം.എസ് സര്‍ക്കാര്‍ കാര്‍ഷിക ബന്ധ നിയമം (അഗ്രികള്‍ച്ചര്‍ റിലേഷന്‍ ബില്‍) ആണ് കൊണ്ടുവന്നത്. ഈ നിയമം സുപ്രീം കോടതി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞ് പൂര്‍ണ്ണമായി തള്ളിക്കളയുകയായിരുന്നു. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും പി.ടി ചാക്കോ ആഭ്യന്തര, റവന്യൂ മന്ത്രിയുമായ കോണ്‍ഗ്രസ് സര്‍ക്കാരാണ് 1963ല്‍ ഭൂപരിഷ്‌ക്കരണ നിയമം (കേരള ലാന്‍ഡ് റിഫോംസ് ആക്ട് 1963 )കൊണ്ടുവന്നത്.
ഭൂപരിഷ്‌ക്കരണ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതിനാല്‍ കോടതികള്‍ക്ക് ഈ നിയമത്തെ ചോദ്യംചെയ്യാനാവില്ല. ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കാന്‍ കഴിയും മുമ്പ് സര്‍ക്കാര്‍ മാറുകയായിരുന്നു. 1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയില്ല. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ച സി.അച്യുതമേനോന്‍ സര്‍ക്കാരാണ് 1970 ജനുവരി ഒന്നു മുതല്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയത്. കേരള മോഡലിന്റെ അടിസ്ഥാനം ഭൂപരിഷ്‌ക്കരണ നിയമമാണെങ്കില്‍ അത് നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും ആര്യാടന്‍ പറഞ്ഞു.