ചരിത്രം പറഞ്ഞപ്പോള്‍ അച്യുതമേനോനെ മറന്ന് പോയോ? അതൃപ്തി അറിയിച്ച് സിപിഐ

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിനെതിരെ സിപിഐയില്‍ അതൃപ്തി.

1967 ലെ ഇ.എം.എസ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കെ.ആര്‍.ഗൗരിയമ്മയേയും പേരെടുത്ത് പ്രശംസിച്ചു. എന്നാല്‍ സമഗ്രഭൂപരിഷ്‌കരണനിയമം നടപ്പാക്കിയത് 1969ലെ അച്യുതമേനോന്‍ സര്‍ക്കാരാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

അന്‍പത്തേഴില്‍ സമഗ്രഭൂപരിഷ്‌കരണം തീരുമാനിച്ചതും അച്യുതമേനോന്‍ അധ്യക്ഷനായ സമിതിയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാത്തിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാനും സിപിഐ തീരുമാനിച്ചു.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാതെ, ‘അന്നത്തെ മുഖ്യമന്ത്രി’ എന്ന് മാത്രമെന്ന് പറഞ്ഞതിലാണ് സിപിഐയ്ക്ക് കടുത്ത അതൃപ്തിയുള്ളത്.

എന്തുകൊണ്ട് സി അച്യുതമേനോനെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് പരിശോധിക്കാന്‍ സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെ സിപിഐ ചുമതലപ്പെടുത്തി.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ മുഖ്യമന്ത്രിയെയാണ് മുഖ്യമന്ത്രി ഒഴിവാക്കിയതെന്ന് സിപിഐ ആരോപിക്കുന്നു.

Top