ഭൂപരിഷ്‌ക്കരണ നിയമം; പിണറായിയെ തള്ളി സി.പി.ഐയെ പിന്തുണച്ച് ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: കേരള ഭൂപരിഷ്‌ക്കരണ നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സി.പി.ഐയെയും സി. അച്യുതമേനോനെയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ ഉദ്ഘാടനത്തില്‍ നിയമം നടപ്പാക്കിയ സി.പി.ഐ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ തമസ്‌ക്കരിച്ചിരുന്നു. പകരം ഇ.എം.എസിന്റെ നേട്ടമായാണ് ഉയര്‍ത്തികാട്ടിയത്. പിണറായിയുടെ ഈ നിലപാടിനെ ചരിത്രവസ്തുതകള്‍ ഉയര്‍ത്തിയാണ് ആര്യാടന്‍ എതിര്‍ക്കുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തോടുള്ള ഇടത് സമീപനം ചോദ്യം ചെയ്യുകയാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍ എഴുതുകയും ചെയ്തു.

ഭൂപരിഷ്‌ക്കരണ നിയമം; ആര്‍. ശങ്കറിനെയും പി.ടി ചാക്കോയെയും അച്യുതമേനോനെയും തമസ്‌ക്കരിക്കുത് നീതികേട് ആര്യാടന്‍ മുഹമ്മദ്

ഭൂപരിഷ്‌ക്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ നിയമം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതാക്കി മാറ്റാനുള്ള നീക്കം ചരിത്രത്തോടുള്ള നീതികേടാണ്. കേരളപ്പിറവിക്ക് മുമ്പുതന്നെ ഭൂപരിഷ്‌ക്കരണത്തിനുവേണ്ടി ആദ്യം ശബ്ദമുയര്‍ത്തുകയും അതിനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനെയും 1963ല്‍ ഭൂപരിഷക്കരണ നിയമം കൊണ്ടുവന്ന ആര്‍. ശങ്കറിനെയും പി.ടി ചാക്കോയെയും ഒടുവില്‍ നിയമം നടപ്പാക്കിയ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ സി. അച്യുതമേനോനെയും തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.

1970 ജനുവരി ഒന്നിന് നിലവില്‍ വന്ന ഭൂപരിഷ്‌ക്കരണ നിയമം കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ലക്ഷക്കണക്കിന് പാട്ടകൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയുടെ ഉടമാവകാശം നല്‍കിയത് വിപ്ലവകരമായ ഈ നിയമമാണ്. കൃഷിക്കാരന് താങ്ങാന്‍ കഴിയാത്ത പാട്ട വ്യവസ്ഥക്കും ജന്‍മിമാരുടെ പീഢനങ്ങള്‍ക്കും ഒരളവുവരെ അറുതി വരുത്താന്‍ ഈ നിയമത്തിന് കഴിഞ്ഞു.

കൃഷിക്കാരുടെ മോചനത്തിനുവേണ്ടി നിരവധി സമരങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായി കാര്‍ഷിക പ്രശ്‌നം ഉയര്‍ത്തി പാട്ടകൃഷിക്കാര്‍ക്കുവേണ്ടി പ്രമേയം പാസാക്കിയത് കോണ്‍ഗ്രസാണ്. 1920തില്‍ മഞ്ചേരിയില്‍ ചേര്‍ന്ന നാലാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനമാണ് ഭീമമായ പാട്ടവ്യവസ്ഥക്കെതിരെയും കുഴിക്കൂറുകള്‍ കുടിയാന് എടുക്കാനുള്ള അവകാശത്തിനും വേണ്ടി പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തെ ചൊല്ലി ചേരിതിരിവ് വരെ സമ്മേളനത്തിലുണ്ടായിരുന്നു. ആനി ബസന്റും ഏതാനും ജന്‍മിമാരും പ്രമേയം പാസാക്കിയ ഉടനെ സമ്മേളനം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. എന്നാല്‍ സമ്മേളന പ്രതിനിധികളില്‍ ബഹുഭൂരിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു.

1931ല്‍ കറാച്ചി കോണ്‍ഗ്രസ് സമ്മേളനം കൃഷിക്കാരുടെ സംരക്ഷണത്തിനും പാട്ടം ഗണ്യമായി കുറക്കുന്നതിനും മറ്റുമായി പ്രമേയം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മലബാറിന്റെ പലഭാഗത്തും ജന്‍മിമാരുടെ ചൂഷണങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകള്‍ മുന്നോട്ട് വന്ന് തുടങ്ങി. മലബാര്‍ ഉള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാനത്ത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മര്യാദപാട്ടം നിശ്ചയിക്കാനും കുടിയൊഴിപ്പിക്കല്‍ തടയുന്നതിനും മറ്റും വേണ്ടി മലബാര്‍ കുടിയായ്മ നിയമം പാസാക്കി നടപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പാട്ടക്കോടതികള്‍ മലബാറിലെ എല്ലാ താലൂക്കുകളിലും നിലവില്‍ വന്നു. ഇത് മൂലം നിരവധി കൃഷിക്കാര്‍ക്ക് മര്യാദപാട്ടം നിജപ്പെടുത്തി തഹസില്‍ദാര്‍മാരുടെ വിധികള്‍ വന്നു. ഇതോടെ ചില സംരക്ഷണങ്ങളെല്ലാം കൃഷിക്കാര്‍ക്ക് ലഭിച്ച്തുടങ്ങിയെങ്കിലും ജന്‍മിമാരുടെ പീഢനങ്ങളില്‍ നിന്നും പൂര്‍ണമായി മോചനമുണ്ടായില്ല. ഇതിനു സമാനമായി 1954ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചിയിലെ ഗവണ്‍മെന്റും കാര്‍ഷിക പരിഷ്‌ക്കരണത്തിനു വേണ്ടിയുള്ള ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് ഗവണ്‍മെന്റില്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ കാര്‍ഷിക ബന്ധ നിയമം (അഗ്രേറിയന്‍ റിലേഷന്‍സ് ബില്‍) എന്ന പേരില്‍ ഒരു നിയമം പാസാക്കിയെങ്കിലും ഈ നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ 1963ലെ ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് ഭൂപരിഷ്‌ക്കരണ നിയമം (ലാന്റ് റിഫോംസ് ആക്ട് ) എന്ന പേരില്‍ നിയമം കൊണ്ടുവന്ന് പാസാക്കിയത്. ഈ നിയമം കൊണ്ടുവന്നത് അന്നത്തെ റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പി.ടി ചാക്കോയായിരുന്നു. 1964 ജനുവരിയില്‍ നിയമം പാസായി.

നിയമത്തിന് ഭരണഘടനയുടെ പരിരക്ഷലഭിക്കാന്‍ വേണ്ടി നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഢ്യൂളില്‍ 39 -ാം നമ്പറായി പാര്‍ലമെന്റ് ഉള്‍പ്പെടുത്തി. ആര്‍ ശങ്കറിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് കേരള ലാന്റ് റിഫോംസ് ആക്ട് 1963 ( കേരള ആക്ട് ഓഫ് 1964) ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയത്. നിയമം പാസാക്കി ഏതാനും മാസങ്ങള്‍ക്കം അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ കവിയാതെ ആര്‍. ശങ്കര്‍ സര്‍ക്കാരിന് രാജിവെച്ചൊഴിയേണ്ടി വന്നു. തുടര്‍ന്ന് 1967ല്‍ വന്ന ഇ.എം.എസ് നമ്പൂതിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ചില ഭേദഗതികള്‍ വരുത്താനല്ലാതെ നിയമം നടപ്പാക്കാന്‍ സാധിച്ചില്ല. പിന്നീട് ഈ നിയമം നടപ്പാക്കിയത് 1970 ജനുവരി ഒന്നിന് സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരാണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ അതിവിപ്ലവകരമായ നടപടിയായിരുന്നു ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കല്‍. ലക്ഷക്കണക്കിനായ പാവപ്പെട്ട പാട്ടകൃഷിക്കാരും കുടികിടപ്പുകാരും നിയമത്തിന്റെ ഗുണഭോക്താക്കളായി. അച്യുത മേനോനെ വഞ്ചക മുഖ്യന്‍ എന്നു വിളിച്ച് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്തുടനീളം സമരം നടത്തുമ്പോഴും അച്യുതമേനോന്‍ ഈ നിയം നടപ്പാക്കാന്‍ കാണിച്ച താല്‍പര്യം ഒരിക്കലും കേരളീയര്‍ക്ക് മറക്കാന്‍ കഴിയില്ല.

കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തില്‍ തുടക്കം മുതല്‍ നിര്‍ണായക പങ്ക് വഹിച്ച കോണ്‍ഗ്രസിനെയും 1963ല്‍ ആര്‍. ശങ്കറും പി.ടി ചാക്കോയും കൊണ്ട് വന്ന് പാസാക്കിയ നിയമത്തെ 1970തില്‍ നടപ്പാക്കിയ അച്യുത മേനോനെയും സി.പി.ഐയുടെയും പങ്കാളിത്തം മറച്ചുവെക്കാന്‍ ചരിത്രത്തിന് കഴിയില്ല .

Top