പുതിയ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 49.20 ലക്ഷം രൂപ മുതലാണ് പുതിയ ഇന്‍ജെനിയം പെട്രോള്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില. റേഞ്ച് റോവര്‍ ഇവോഖ് ഇന്‍ജെനിയം പതിപ്പുകള്‍ക്ക് വില 51.06 ലക്ഷം രൂപ മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്.
ഡിസ്‌കവറി സ്‌പോര്‍ടില്‍ SE, HSE വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ജെനിയം പതിപ്പുകളുടെ ഒരുക്കം. ഇവോഖില്‍ SE, HSE ഡയനാമിക് വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുങ്ങുന്നത്. അലൂമിനിയത്തില്‍ നിന്നുമാണ് ഇന്‍ജെനിയം എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നത്. അലൂമിനിയത്തിന് ഭാരം കുറവായതിനാല്‍ കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇന്‍ജെനിയം എഞ്ചിന് സാധിക്കും.
പേറ്റന്റ് നേടിയ ‘വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്‌നോളജി’യാണ് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത്. പുതിയ ഇരു മോഡലുകളിലും 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനാണ് കരുത്തു പകരുന്നത്. 247 bhp കരുത്തും 365 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉള്ളത്.