പാലക്കാട് ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കല്‍; വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

പാലക്കാട്: പാലക്കാട് ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.പാലക്കാട് പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഗൗസിനെയാണ് വിജിലന്‍സ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളില്‍ നിന്ന് കിട്ടിയതാണെന്ന് വില്ലേജ് ഓഫീസര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

ജീവനക്കാര്‍ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊടുക്കാന്‍ പോവുന്നതായും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസിലെത്തുന്നവരില്‍ നിന്നു കൈക്കൂലി വാങ്ങുന്നതായുമുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.
വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വിജിലന്‍സ് പരിശോധനയ്ക്ക് വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ജീവനക്കാരന്‍ മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അളവ് ടേപ്പും ഓഫീസ് രേഖകളുമായി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു. ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാള്‍ ലൊക്കേഷന്‍ സ്‌കെച്ചിന് 500 രൂപയും തന്നതാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരോട് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

ഇരുപതോളം അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും മുന്‍ഗണനാക്രമം തെറ്റിച്ച് അപേക്ഷ തീര്‍പ്പാക്കിയതായും പരിശോധനയില്‍ കണ്ടെത്തി. പരിശോധനാറിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top