ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്നു പൊലീസ്. ഭൂമി ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സഭക്ക് കീഴില്‍ മറ്റുരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളില്‍ ആലോചിച്ചാണ് ഭൂമി വില്‍പ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനല്‍ ഗൂഡാലോചന ഇല്ലെന്നുമാണ് കണ്ടെത്തല്‍. വിലകുറച്ചു വില്‍ക്കാന്‍ കര്‍ദ്ദിനാള്‍ ഗൂഡാലോചന നടത്തിയിട്ടില്ല. എന്നാല്‍ സഭ നടപടി പാലിക്കുന്നതില്‍ വീഴ്ച പറ്റി.

സെന്റിന് 9 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നോട്ട് നിരോധനം മൂലം പ്രതീക്ഷിച്ച പണം കിട്ടിയില്ല. ഭൂമി വില്‍പ്പനയിലൂടെ ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കര്‍ദിനാള്‍ ശ്രമിച്ചിട്ടില്ല. ആരോപണത്തിന് പിന്നില്‍ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.

Top