തിരുവനന്തപുരം: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തള്ളി ഇരു മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
മുന്‍ മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ജഡ്ജി പി മാധവന്‍ വിധിച്ചത്. കേസില്‍ സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ നടപടി വിവാദമായിരുന്നു. 118 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കാനാണ് ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രസഭാ യോഗത്തില്‍ ആയിരുന്നു തീരുമാനം.
ഐ.ടി വ്യവസായത്തിനെന്ന് പറഞ്ഞാണ് എറണാകുളം ജില്ലയിലെ പറവൂര്‍, പുത്തന്‍വേലിക്കര, തൃശ്ശൂരിലെ മാള എന്നിവിടങ്ങളിലായി ഏറ്റെടുത്ത മിച്ചഭൂമി ആര്‍.എം.ഇസഡ്ഡ് എന്ന സന്തോഷ് മാധവന്റെ കമ്പനിക്ക് തിരിച്ച് നല്‍കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ നടപടി വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. അന്നത്തെ പ്രതിപക്ഷവും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ അടക്കമുള്ളവരും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും അനുമതി നിഷേധിച്ച പദ്ധതിക്കാണ് അവസാന നിമിഷം വിവിധ റിപ്പോര്‍ട്ടുകള്‍ മറികടന്ന് അനുമതി നല്‍കിയത്.