ലാന്റ് ചെയ്ത വിമാനം എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് ; റണ്‍വേയില്‍ തടസമുണ്ടാക്കിയതോടെ കെട്ടിവലിച്ച് മാറ്റി

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് പുറത്തേക്ക് കടക്കേണ്ട എക്‌സിറ്റ് വേ കടന്ന് മുന്നോട്ട് നീങ്ങി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് റണ്‍വേയില്‍ ഏതാനും മിനിറ്റുകള്‍ തടസമുണ്ടാക്കിയ വിമാനം അവിടെ നിന്ന് കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അമൃതസറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന 6ഇ 2221 വിമാനത്തിന്റെ പൈലറ്റിനാണ് അബദ്ധം പിണഞ്ഞത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ച അസാധ്യമായതാണ് സംഭവത്തിന് കാരണമായതെന്ന് ഇന്റിഗോ വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. റണ്‍വേയില്‍ നിന്ന് ടാക്‌സിവേയിലേക്ക് കടക്കേണ്ട ഭാഗം കടന്ന് വിമാനം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ നിര്‍ത്തിയിട്ടു.

പിന്നീട് വാഹനമെത്തിച്ച് വിമാനം കെട്ടിവലിച്ച് പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു. സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്ന് ഇന്റിഗോ വിമാന കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട് ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രാവിലെ 7.20ന് അമൃതസറില്‍ നിന്ന് പുറപ്പെട്ട വിമാനം 8.35നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്.

Top