ലണ്ടന്‍: പ്രവാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ സഹായങ്ങളില്‍ പണമല്ലാത്തവ ഉപയോഗ ശൂന്യമാകുമോ എന്ന അശങ്കയില്‍ പ്രവാസി സമൂഹം. നിലവിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ കടമ്പകള്‍ കടന്നാല്‍ മാത്രമേ കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വ്യക്തമായ റജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമാണു വിദേശത്തു സമാഹരിക്കുന്ന സാധനങ്ങള്‍ സ്വീകരിച്ചു വിതരണം ചെയ്യാന്‍ സാധിക്കുന്നത്. വ്യക്തികളുടെ പേരില്‍ അയയ്ക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് നികുതിയുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ബാധകമാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശികല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതാവും ഉചിതം.
എന്നാല്‍ ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന ‘യുക്മ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ സമാഹരിച്ച 25 ടണ്‍ അവശ്യവസ്തുക്കള്‍ കയറ്റി അയയ്ക്കുന്ന കാര്യത്തില്‍ മാറ്റമില്ല. കേരളസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള പുതിയ സാധനങ്ങള്‍ മാത്രമാണ് ‘യുക്മ’ ശേഖരിച്ചു നാട്ടിലേക്ക് അയയ്ക്കുന്നത്. ഇത് നാട്ടിലെ ഏജന്‍സികള്‍ വഴി ആളുകളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിദേശത്തു നിന്നും മറ്റും സാധനങ്ങള്‍ അധികമായി ആരും ഇങ്ങോട്ട് അയയ്‌ക്കേണ്ടതില്ല എന്നു മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് വിദേശികള്‍ നാട്ടിനു വേണ്ടിയുള്ള പണം സമാഹരിക്കുന്നത്.
ഇതോടൊപ്പം ഏതൊരാള്‍ക്കും മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് പണം അയയ്ക്കാവുന്നതാണ്. ദുരിതാശ്വാസനിധിയിലേക്കുളള സംഭാവന പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.